അങ്കാറ: നാല് ചെവികളോടുകൂടി ജനിച്ച പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മിഡാസ് എന്നാണ് പൂച്ചയ്ക്ക് ഉടമ നൽകിയിരിക്കുന്ന പേര്. റഷ്യൻ ബ്ലൂ ഇനത്തിൽപ്പെട്ട ഈ പൂച്ച തുർക്കിയിലാണ് ഉള്ളത്. ഡൊസെമെസി കുടുംബത്തിലെ കാനിസ് ഡൊസെമെസിയാണ് പൂച്ചയെ സ്വന്തമാക്കിയിരിക്കുന്നത്. പൂച്ചയ്ക്ക് വേണ്ടി കാനിസ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
മറ്റ് പൂച്ചകളിൽ നിന്നും വ്യത്യസ്തമായി നാല് ചെവികളാണ് മിഡാസിനുള്ളത്. സാധാരണ ചെവികൾക്ക് അരികിലായാണ് ഓരോ ചെവികൾ കൂടിയുള്ളത്. പാരമ്പര്യമായി ലഭിച്ച ഒരു ജനിതക വൈകല്യമായിരിക്കാം ഇതെന്നാണ് വിലയിരുത്തൽ. രണ്ട് ചെവികൾ അധികമായുണ്ടെങ്കിലും ഇവയ്ക്ക് കേൾവിശക്തിയില്ല.
കാനിസിന്റെ സുഹൃത്തിന്റെ വീട്ടിൽ വഴിതെറ്റിയെത്തിയ ഒരു പൂച്ചയ്ക്കുണ്ടായ ആറ് കുഞ്ഞുങ്ങളിൽ ഒന്നാണ് മിഡാസ്. രണ്ട് ഗോൾഡൻ റിട്രീവർ നായക്കുട്ടികളും കാനിസിനുണ്ട്. ഇവയ്ക്കൊപ്പമാണ് മിഡാസ് കഴിയുന്നത്. നായക്കുട്ടികൾക്കൊപ്പം കളിക്കുന്ന മിഡാസിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട്.
Comments