കണ്ണൂർ: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ രക്ഷപെടുത്താനുളള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പരിശ്രമത്തെ വികസന വിരുദ്ധരായ ആളുകൾ തകർക്കാൻ പരിശ്രമിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇവർക്കെതിരെ സർവ്വകലാശാലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കി രംഗത്തിറങ്ങണമെന്നും ജയരാജൻ ആഹ്വാനം ചെയ്തു.
കണ്ണൂർ സർവ്വകലാശാലയിലെ വി.സിയുടെ പുനർനിയമനവുമായും സംസ്ഥാനത്തെ സർവ്വകലാശാലകളിലെ ഇടത് നിയമനങ്ങൾക്കെതിരെയും ഉയർന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.
കണ്ണൂർ സർവ്വകലാശാലയുടെ വളർച്ചയും വികസനവും തടസ്സപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചും കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും പറഞ്ഞാണ് സിപിഎം പരിപാടി സംഘടിപ്പിച്ചത്. വി.സി പുനർനിയമനം ഉൾപ്പെടെ സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലിൽ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സിപിഎമ്മിനെ പ്രതിരോധിക്കാനായിരുന്നു പരിപാടി.
വിദ്യാർത്ഥിസംഘടനയായ എസ്എഫ്‌ഐയുടെയും ഇടത് അനുകൂല അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളെ കൂട്ടുപിടിച്ചായിരുന്നു സിപിഎം പരിപാടി സംഘടിപ്പിച്ചത്.
Comments