ന്യൂഡൽഹി: പാകിസ്താനിൽ നിന്നും ഡ്രോൺ മാർഗം കടത്താൻ ശ്രമിച്ച മയക്കുമരുന്ന് അതിർത്തി സുരക്ഷ സേന പിടികൂടി. പഞ്ചാബിലെ അമൃത്സർ സെക്ടറിൽ നിന്നാണ് സേന മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഏഴ് കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്നാണ് അതിർത്തി സുരക്ഷ സേന അറിയിച്ചത്.
ദേശദ്രോഹികൾ ഡ്രോൺ മാർഗം മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിർത്തിയിൽ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് അതിർത്തിയിൽ ഡ്രോണുകളുടെ ശബ്ദം കേട്ടത്. ശേഷം സൈന്യം ഡ്രോണിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിൽ ഭീകരരുടെ നീക്കമാണിതെന്ന് കരുതി മറ്റ് സേനംഗങ്ങളെ വിവരമറിയിച്ചതായി സുരക്ഷ സേന വ്യക്തമാക്കി.
ഓരോ കിലോ വീതമുള്ള ഏഴ് പാക്കറ്റ് ഹെറോയിനാണ് ഡ്രോണിൽ നിന്നും വീണതെന്നാണ് സേന അറിയിച്ചത്. അതിർത്തിവഴിയുള്ള മയക്കുരുന്ന് കടത്ത് വ്യാപകമാകുന്നതിനാൽ സുരക്ഷ സേന വളരെ അധികം ജാഗ്രത പാലിക്കുന്നുണ്ടെന്ന് അതിർത്തി സുരക്ഷ സേന ട്വിറ്ററിൽ കുറിച്ചു.
Comments