ലക്നൗ : നോയിഡയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഉത്സവകാലം കണക്കിലെടുത്താണ് നടപടി. ഈ മാസം 31 വരെയാണ് നഗരത്തിൽ 144 പ്രഖ്യാപച്ചിരിക്കുന്നത്.
ഗൗതം ബുദ്ധനഗർ പോലീസ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. ഉത്സവകാലത്ത് നഗരത്തിൽ സമാധാനവും, സൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് പോലീസ് അറിയിച്ചു. റംസാൻ, രാമ നവമി, അംബേദ്കർ ജയന്തി, തുടങ്ങിയ ഉത്സവങ്ങളാണ് ഈ മാസം നടക്കാനിരിക്കുന്നത്. ഇതിന് പുറമേ വിവിധ പരീക്ഷകളും, ജനറൽ ലജിസ്ലേറ്റീവ് കൗൺസിൽ അസംബ്ലിയും ഈ മാസം നടക്കും.
നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നതോടെ ഇനി മുതൽ നഗരത്തിൽ രാഷ്ട്രീയ റാലികൾക്ക് ഉൾപ്പെടെ വിലക്കുണ്ട്. പോലീസിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങാതെ നഗരത്തിൽ പൊതുപരിപാടികളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ പാടില്ല. റോഡിലൂടെ സഞ്ചരിക്കുമ്പോൾ വടിയോ, മറ്റ് ആയുധങ്ങളോ കയ്യിൽ കരുതാൻ പാടുള്ളതല്ല. പൊതുയിടങ്ങളിലെ പ്രാർത്ഥനയ്ക്കും വിലക്കുണ്ട്.
അതേസമയം കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ട്. മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.
Comments