തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ആ വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവങ്ങളിൽ നടന്ന പോലീസ് പരിശോധനയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പാലക്കാട് ആർഎസ്എസ് മുൻ ശാശീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തിയതും പ്രതികൾ ആയുധം കടത്തിയതും വാഹനത്തിലായിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പെർമിറ്റും, ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.
വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോർ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവിൽ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിനായി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം വ്യാപക പരിശോധന നടത്തുന്നതിനുള്ള നിർദ്ദേശം നൽകിയിരുന്നു.
സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡിനുപകരം എലഗന്റ് കാർഡുകൾ മെയ് മാസത്തിൽ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ ‘വാഹനീയം’ ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി രാജു.
Comments