പാരീസ്: കാൻ ചലച്ചിത്രമേളയിൽ ഹോളിവുഡ് ഉൾപ്പെടെയുളള വിദേശ സിനിമാ സംരംഭകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി ഡോ. എൽ മുരുഗൻ. വിദേശ സിനിമകളുടെ ചിത്രീകരണത്തിന് ഇന്ത്യ നൽകുന്നത് മികച്ച പ്രോത്സാഹനമാണെന്ന് മന്ത്രി പറഞ്ഞു. കാൻ ചലച്ചിത്ര മേളയുടെ ഭാഗമായ ഇന്ത്യ പവലിയനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ലോകം മുഴുവനുള്ള ചലച്ചിത്ര പ്രവർത്തകരെ ഇന്ത്യയിലേക്കു ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സിനിമാ നിർമ്മാതാക്കൾ ഉൾപ്പെടുന്ന സിനിമകളുടെ സഹ നിർമ്മാണത്തിന് ഇന്ത്യൻ സർക്കാർ നല്ല പ്രോത്സാഹനമാണ് നൽകുന്നത്. കഥ പറച്ചിലിന്റെ മഹത്തായ പാരമ്പര്യവും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുടെ പിൻബലവും ഉള്ളതിനാൽ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി ഇന്ത്യ മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വർഷം തോറും ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സഹ മന്ത്രി ചൂണ്ടിക്കാട്ടി. ഇരുപതിൽ കൂടുതൽ ഭാഷകളിൽ രാജ്യത്ത് ചലച്ചിത്ര നിർമാണം നടക്കുന്നുണ്ട്. നൂറു കോടിയിലധികം സിനിമാ പ്രേക്ഷകരുള്ള വിപണി എന്ന നിലയിൽ ഇന്ത്യക്കുള്ള പ്രാധാന്യവും ഡോ. എൽ മുരുകൻ എടുത്തുപറഞ്ഞു.
സിനിമാ മേഖലയിലുള്ള സ്റ്റാർട്ട് അപ്പുകൾക്കും വലിയ പ്രോത്സാഹനമാണ് ഇന്ത്യൻ സർക്കാർ നൽകുന്നത്. കാനിൽ തങ്ങളെ അവതരിപ്പിക്കാനായി ഇത്തരത്തിലുള്ള സ്റ്റാർട്ട് അപ്പുകൾ എത്തിയിട്ടുള്ളതും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക സിനിമകൾ ആഗോള ശ്രദ്ധ നേടുന്നതിനെ കുറിച്ചും ഭാഷ ഇവയ്‌ക്ക് തടസ്സമാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ഏക ജാലക സംവിധാനത്തിലൂടെ ചലച്ചിത്ര നിർമാണം പൂർത്തിയാക്കുന്നതിനുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കാര്യവും അദ്ദേഹം പരാമർശിച്ചു. എം ഐ എഫ് എഫ് 2022, ഐ എഫ് എഫ് ഐ 2022 തുടങ്ങി രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളുടെ ഭാഗമാകാനും കേന്ദ്ര സഹ മന്ത്രി വിദേശ ചലച്ചിത്ര പ്രവർത്തകരെ ക്ഷണിച്ചു.














