ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ജനം ടിവിയെ പഴിചാരി രക്ഷപെടാനുള്ള ശ്രമവുമായി പോപ്പുലര്‍ ഫ്രണ്ട്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് തേജസ് ഓണ്‍ലൈന്‍ വിഭാഗം ആരോപിക്കുന്നത്. റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന് കുട്ടി കൊലവിളി മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ ജനം ടിവി ഉള്‍പ്പെടെ നിരവധി മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
ഇതോടെ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനം ടിവിക്ക് മേല്‍ ആരോപണം കെട്ടിവച്ച് തലയൂരാനുള്ള ശ്രമം പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം പൂര്‍ണമായും അതേ വിധത്തില്‍ തന്നെ എഡിറ്റ് ചെയ്യാതെയാണ് ജനം ടിവിയും നല്‍കിയത്. എന്നാല്‍ ഇത് മറച്ചു വച്ചാണ് പോപ്പുലര്‍ ഫ്രണ്ടും തേജസും വ്യാജ വാര്‍ത്തകളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. തേജസിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത്. ജനം ടിവി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്നും, ഇടത്-വലത് പ്രൊഫൈലുകള്‍ ജനം ടിവിയുടെ വ്യാഖ്യാനം ഏറ്റു പിടിച്ചുവെന്നുമാണ് തേജസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ആലപ്പുഴയില്‍ മുദ്രാവാക്യം വിളിച്ചത് ആര്എസ്എസിനെതിരെയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. കുട്ടി വിളിച്ചതും ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യമാണ്. ഔദ്യോഗികമായി പോപ്പുലര്‍ ഫ്രണ്ട് ഇങ്ങനൊരു മുദ്രാവാക്യം എഴുതി നല്‍കിയിട്ടില്ല. പ്രകോപന മുദ്രാവാക്യങ്ങള്‍ തങ്ങളുടെ നിലപാടല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെടുന്നു.
Comments