ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ വേണ്ടി ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ വിശദീകരണവുമായി വയനാട് എംപി രാഹുൽ ഗാന്ധി. രാഹുൽ രാജ്യത്തില്ലെന്നും വിദേശയാത്രയിലാണെന്നുമാണ് നേതാവുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങൾ അറിയിച്ചത്. ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് ഇഡിയോട് കൂടുതൽ സമയം തേടിയിട്ടുണ്ട്.
വിദേശ ടൂർ കഴിഞ്ഞ് രാഹുൽ ജൂൺ 5 ന് ഇന്ത്യയിലെത്തും. അന്ന് ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. മെയ് 20 മുതൽ മെയ് 23 വരെ ലണ്ടനിൽ നടന്ന വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി മെയ് 19 ന് രാജ്യം വിട്ടത്. അതിനുശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.
ജവഹർലാൽ നെഹ്‌റു 1937ൽ സ്ഥാപിച്ച നാഷ്ണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്.
രാഹുലിനോട് ജൂൺ രണ്ടിനും സോണിയ ഗാന്ധിയോട് ജൂൺ എട്ടിനും ഹാജരാകാനാണ് ആവശ്യപ്പെട്ടത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീരവാദം മുഴക്കിക്കൊണ്ട് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബ്രിട്ടീഷുകാരെ കണ്ട് പേടിക്കാത്ത കോൺഗ്രസ് നേതാക്കളെ ഇഡിക്ക് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പ്രതികരണം. പോരാടി ജയിക്കുമെന്നും ഒരിക്കലും തല കുനിക്കില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.















