പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറവെച്ച സിപിഎം നേതാവിനെതിരെ കേസ് എടുത്ത് പോലീസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പോലീസ് കേസ് എടുത്തത്. സംഭവ ശേഷം ഒളിവിൽ പോയ ഷാജഹാനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൊടുമ്പ അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജഹാൻ. അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ആണ് ഇയാൾ ഒളിക്യാമറവെച്ചത്. വീട്ടമ്മ കുളിയ്ക്കാൻ കയറിയത് കണ്ട് എത്തിയ ഇയാൾ കുളിമുറിയിലെ ജനലിലൂടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ശബ്ദംകേട്ട് നോക്കിയപ്പോഴാണ് മൊബൈലിൽ ഷാജഹാൻ ദൃശ്യങ്ങൾ പകർത്തുന്നത് വീട്ടമ്മ കണ്ടത്. തുടർന്ന് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു ഇതിനിടെ കയ്യിലെ മൊബൈൽ ഫോൺ താഴെ വീണു. ഇതുമായി വീട്ടമ്മയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം വീട്ടമ്മയുടെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസ് എടുത്തത്.
Comments