തിരുപ്പതി: വിവാഹം കഴിഞ്ഞ് നടി നയൻതാരയും വിഘ്‌നേഷും നടത്തിയ തിരുപ്പതി ദർശനം വിവാദത്തിൽ. ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറിയതും ഫോട്ടോഷൂട്ട് നടത്തിയതുമാണ് വിവാദമായത്. സംഭവത്തിൽ ഇരുവർക്കും നിയമപരമായ നോട്ടീസ് നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്വം ബോർഡിലെ മുഖ്യ സുരക്ഷാ ഓഫീസർ നരസിംഹ കിഷോർ പറഞ്ഞു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് വിഘ്‌നേഷ് ശിവൻ രംഗത്തെത്തി.
ക്ഷേത്രത്തിനുളളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുളളതാണെന്നും നയൻതാര ചെരുപ്പ് ധരിച്ച് ക്ഷേത്ര പരിസരത്ത് കയറിയെന്നും നരസിംഹ കിഷോർ ചൂണ്ടിക്കാട്ടി. സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ക്യാമറകൾക്കും ക്ഷേത്ര പരിസരത്ത് വിലക്കുണ്ട്. ഇത് ലംഘിച്ച് ഇരുവരും ഫോട്ടോ ഷൂട്ട് നടത്തിയതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് നരസിംഹ കിഷോർ പറഞ്ഞു. നയൻതാരയ്‌ക്കും നോട്ടീസ് നൽകുമെന്നും സംഭവത്തിൽ മാപ്പ് പറയാൻ നടി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
ദേവസ്വം ബോർഡിന് അയച്ച കത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ ക്ഷമാപണം നടത്തിയത്. വിവാഹത്തിന് ശേഷം വീട്ടിൽ പോലും പോകാതെ നേരെ തിരുപ്പതി ക്ഷേത്രത്തിലേക്ക് വരികയായിരുന്നു. എന്നാൽ തങ്ങൾക്ക് ചുറ്റും ആളുകൾ കൂടിയതോടെ മടങ്ങിപ്പോയി. പിന്നീടാണ് തിരിച്ചെത്തി ഫോട്ടോഷൂട്ട് നടത്തിയത്. ആളുകൾ കൂടുന്നതിന് മുൻപ് മടങ്ങാനായിരുന്നു ശ്രദ്ധ. അതിനിടയിൽ ഷൂ കാലിൽ കിടന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ മാസം തങ്ങൾ ഇരുവരും അഞ്ച് തവണ തിരുപ്പതി സന്ദർശിച്ചിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ വിവാഹിതരാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് സാധിച്ചില്ലെന്നും അതിനാലാണ് ആദ്യം അവിടേക്ക് തന്നെ എത്തിയതെന്നും വിഘ്‌നേഷ് പറയുന്നു.
ദീർഘകാലത്തെ പ്രണയത്തിന് ഒടുവിൽ വ്യാഴാഴ്ചയായിരുന്നു നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. അതിന് ശേഷം ഇന്നലെയാണ് ഇരുവരും തിരുപ്പതിയിൽ എത്തിയത്.
Comments