കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് നേരെ ഭീകരാക്രമണം. താലിബാൻ പോലീസിന് നേർക്ക് ഭീകരർ വെടിയുതിർത്തു. താലിബാൻ എൽ ഫറൂഖ് കോപ്സിലെ പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ താലിബാൻ അന്വേഷണം പ്രഖ്യാപിച്ചു.
കാബൂളിൽ രാവിലെയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന താലിബാൻ പോലീസിന് നേരെ മുഖം മറച്ചെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അതേസമയം പ്രത്യാക്രമണത്തിലൂടെ ഭീകരനെ വധിച്ചതായി പോലീസ് വക്താവ് മുഹമ്മദ് ഷാ റസൂൽ വ്യക്തമാക്കി.
എന്നാൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് താലിബാൻ പോലീസുകാർ കൊല്ലപ്പെട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 20 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരരും താലിബാൻ പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പ്രദേശവാസിയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ ദിവസം നംഗർഹാറിൽ സ്കൂളിന് നേരെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാർ തന്നെ ആക്രമിക്കപ്പെടുന്നത്.
Comments