തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വ്യാജ വാർത്തകൾ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ അധികൃതര്‍ നല്കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാൽ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷക്കെടുതി സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും സംസ്ഥാനത്ത് ആവശ്യമാണ്.
Comments