റോയൽ എൻഫീൽഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഹണ്ടർ 350 ബുള്ളറ്റിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. റോയൽ എൻഫീൽഡ് ആരാധകർ ഏറെ കാത്തിരിക്കുന്ന വാഹനമാണ് ഹണ്ടർ 350. ക്ലാസിക് 350, മെറ്റിയോർ 350 എന്നിവയ്‌ക്ക് പിന്നാലെ തങ്ങളുടെ ആരാധകർക്ക് വേണ്ടി കമ്പനി അവതരിപ്പിക്കുന്ന ബുള്ളറ്റാണിത്. ലോഞ്ച് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബുള്ളറ്റ് വെളിപ്പെടുത്തിയിരിക്കുന്നത് മാറ്റാരുമല്ല, റോയൽ എൻഫീൽഡ് സിഇഒ സിദ് ലാൽ ആണ് ഹണ്ടർ 350യുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 7 ഞായറാഴ്ചയാണ് ഹണ്ടർ 350 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്.
വെള്ളയും സ്‌കൈ ബ്ലൂവുമാണ് പുറത്തു വന്നിരിക്കുന്ന വീഡിയോയിൽ ഹണ്ടർ 350-യുടെ നിറം. ബുള്ളറ്റിനെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും സിഇഒ സിദ് ലാൽ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഹണ്ടർ 350 റെട്രോ, മെട്രോ, മെട്രോ റെബൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രീമുകളിലാണ് ലഭിക്കുക. റോയൽ എൻഫീൽഡ് ഉടൻ പുറത്തിറക്കുന്ന രണ്ട് മോഡലുകളിലൊന്നാണ് ഹണ്ടർ 350. മറ്റൊന്ന് ബുള്ളറ്റ് 350 മോട്ടോർസൈക്കിളാണ്.
റോയൽ എൻഫീൽഡ് ഹണ്ടർ 350-യുടെ അടിസ്ഥാന വേരിയെന്റിൽ ട്യൂബ്-ടൈപ്പ് ടയറുകൾ, സിംഗിൾ-ചാനൽ എബിഎസ്, റിയർ ഡ്രം ബ്രേക്ക്, ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയുള്ള സ്‌പോക്ക്ഡ് വീലുകൾ സജ്ജീകരിച്ചിരിക്കുന്നു. ഉയർന്ന് വേരിയെന്റുകൾക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അലോയ്വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ലഭിക്കും. സിദ് ലാൽ പങ്കിട്ട വീഡിയോയിൽ റോയൽ എൻഫീൽഡിന്റെ ഏറ്റവും മികച്ച മോഡലുകളിലൊന്നായി ഹണ്ടർ 350 കാണപ്പെടുന്നു.
ഹണ്ടർ 350-യ്‌ക്ക് ട്രിപ്പർ നാവിഗേഷൻ സംവിധാനവും റോയൽ എൻഫീൽഡ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വിച്ച് ഗിയറും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്‌ക്രാം 411, മെറ്റിയർ 350 എന്നിവയ്‌ക്ക് സമാനമായിരിക്കും. ക്ലാസിക് റീബോൺ, മെറ്റിരിയർ 350 എന്നിവയിൽ ഉപയോഗിച്ചുവരുന്ന ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമായിരിക്കും ഹണ്ടർ 350. 349 സിസി സിംഗിൾ സിലിണ്ടർ, ലോംഗ്-സ്‌ട്രോക്ക് യൂണിറ്റ് എന്നിവ ഹണ്ടർ 350-യ്‌ക്ക് കരുത്ത് പകരും. ഇത് പരമാവധി 20.2 bhp കരുത്തും 27 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. വാഹനത്തിന് 5 സ്പീഡ് ഗിയർ ബോക്‌സാണുള്ളത്. 2,055 mm നീളവും 800 mm വീതിയും 1,055 mm ഉയരവുമാണ് ഹണ്ടർ 350-യ്‌ക്ക്. 1,370 എംഎം ആണ് ഇതിന്റെ വീൽ ബേസ്. എന്തായാലും റോയൽ എൻഫീൽഡ് ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ബുള്ളറ്റായിരിക്കും ഹണ്ടർ 350.
Comments