തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം. സർക്കാരിന്റെ പോലീസിലും ഉദ്യോഗസ്ഥ തലത്തിലും വീഴ്ച പറ്റിയെന്നാണ് വിമർശനം. മന്ത്രിമാരുടെ പ്രവർത്തനം പോര എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പാർട്ടി സംസ്ഥാന സമിതിയിലാണ് വിമർശനം ഉയർന്നത്.
മന്ത്രിമാർ സ്വന്തമായി തീരുമാനമെടുക്കുന്നില്ല. എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു. രാഷ്‌ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും പോരായ്മകളുണ്ട്. മന്ത്രിമാർ വിളിച്ചാൽ ഫോൺ എടുക്കാറില്ല. ആവർത്തിച്ച് വിളിച്ചാലും പ്രതികരിക്കാത്തവർ ഉണ്ട്. മന്ത്രിമാരുടെ പേരുകൾ എടുത്ത് പരാമർശിക്കാതെയാണ് വിമർശനം.
മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമർശനം ഉയർന്നു. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും ചൂണ്ടിക്കാട്ടി.
പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുണ്ട്. പോലീസിന്റെ പ്രവർത്തനം പരാതികൾക്ക് ഇടനൽകുന്നു. പോലീസിൽ സർക്കാരിന് നിയന്ത്രണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Comments