വാഷിംഗ്ടൺ: 76-ാമത് സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ അഭിവാദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ-അമേരിക്കൻ സമൂഹം യുഎസിനെ കൂടുതൽ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്ന് ജോ ബൈഡൻ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടൊപ്പം നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹവും ഇന്ന് ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സത്യത്തിന്റെയും അഹിംസയുടെയും പാതയിൽ ജനാധിപത്യത്തിലേക്ക് നയിച്ച ഭാരതത്തിന്റെ യാത്രയെ ബഹുമാനിക്കാൻ ഓരോ ഇന്ത്യക്കാരനുമൊപ്പം അമേരിക്ക ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കൂടി 75-ാം വാർഷികമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ഒഴിച്ചുകൂടാനാവാത്ത പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച ബൈഡൻ യുഎസ്-ഇന്ത്യ പങ്കാളിത്തത്തിലുള്ള വിശ്വാസവും പ്രകടിപ്പിച്ചു. നിയമങ്ങൾ സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും നൽകാനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിലേക്ക് മുന്നേറുന്നതിനും ലോകമെമ്പാടും വെല്ലുവിളികളെ നാം ഒരുമിച്ച് അഭിമുഖീകരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. അതിനിടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും 76-ാമത് സ്വാതന്ത്ര്യദിനത്തിൽ ഭാരതീയർക്ക് ആശംസകൾ നേരുകയും 75 വർഷമായി തുടരുന്ന ഇന്ത്യ-യുഎസ് നയതന്ത്രബന്ധം അർത്ഥപൂർണമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Comments