ന്യൂഡൽഹി: സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിന് നന്ദി അറിയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ ആഗ്രഹങ്ങളിലും സ്വപ്‌നങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ചതിനും പ്രധാനമന്ത്രിയ്‌ക്ക് ധനകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി.
ചില കാരണങ്ങൾ കൊണ്ട് സ്ത്രീകളെ അനാദരിക്കുകയും അവരുടെ അന്തസ്സ് താഴ്‌ത്തുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് നിലനിൽക്കുന്നുണ്ട്. പെരുമാറ്റത്തിൽ നിന്നോ വാക്കുകളിൽ നിന്നോ ഒരു തരത്തിലും സ്ത്രീകളുടെ അന്തസ്സിനെ കെടുത്തുന്ന തരത്തിൽ പെരുമാറരുതെന്നാണ് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരം പ്രവൃത്തികളിൽ നിന്നും മുക്തി നേടുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.
ഈ പ്രസ്താവനയ്‌ക്കാണ് നിർമലാ സീതാരാമൻ ട്വിറ്റർ വഴി നന്ദി പ്രകാശിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനും അവർക്ക് അവസരങ്ങൾ നൽകുന്നതിനും അവരുടെ അഭിലാഷങ്ങളിലും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അർപ്പണബോധത്തിലും വിശ്വസിക്കുന്നതിനും പ്രധാനമന്ത്രിയ്‌ക്ക് നന്ദിയെന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.
വിദ്യാഭ്യാസം, ശാസ്ത്രം, കായികം എന്നീ മേഖലകളിൽ സ്ത്രീകൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും വരുന്ന 25 വർഷത്തിനുള്ളിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിക്കുമെന്നും മോദി പറഞ്ഞു. വിദ്യാഭ്യാസ,ശാസ്ത്ര രംഗങ്ങളിൽ സ്ത്രീ ഏറെ മുന്നിലാണ്. ഇന്ത്യയിലെ സ്ത്രീകൾ കഴിവുകളോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുകയാണ്. 75 വർഷത്തെ യാത്രയിൽ കണ്ട മുന്നേറ്റത്തിനെക്കാൾ ഏറെ നേരത്തെയാകും അതെന്നും മോദി പ്രസംഗത്തിൽ ആത്മവിശ്വസം പ്രകടിപ്പിച്ചു.
അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി പ്രധാനമന്ത്രി പങ്കുവെച്ച അഞ്ച് പ്രധാന കാര്യങ്ങളെ കുറിച്ച് നിർമലാ സീതാരാമൻ പ്രത്യേകമായി പറഞ്ഞു. പൈതൃകം ഓർത്ത് അഭിമാനിക്കുകയും ഐക്യം ശീലിക്കുകയും പൗരന്മാരുടെ കടമ നിറവേറ്റുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ പറഞ്ഞത് ആവർത്തിക്കുകയും ചെയ്തു.
Comments