മുംബൈ: അനധികൃത മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ മുംബൈ പോലീസിന്റെ പിടിയിൽ. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളിൽ നിന്നും 2 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം എംഡി ഡ്രഗ്ഗാണ് പിടിച്ചെടുത്തത്.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തെന്ന് പോലീസ് വ്യക്തമാക്കി. മുംബൈ നഗരത്തിലുടനീളം മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നു രണ്ടംഗ സംഘത്തിന്റെ ലക്ഷ്യമെന്ന് തെളിവെടുപ്പിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം വിവരങ്ങൾ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
ഏപ്രിൽ മാസത്തിലും മലാഡ് മേഖലയിൽ ഇത്തരത്തിൽ നൈജീരിയൻ സ്വദേശികളായ മയക്കുമരുന്ന് കടത്തുകാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്നായിരുന്നു രണ്ടംഗ സംഘത്തിൽ നിന്നും കണ്ടെടുത്തത്.
Comments