തിരുവനന്തപുരം: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയാണ് കോൺഗ്രസിന്റെ യാത്രയെന്നും ഭാരത് ജോഡോ യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയർത്തുന്നതെന്നും കെ സി വേണുഗോപാൽ ആരോപിക്കുന്നു.
ഭാരത് ജോഡോ യാത്രക്ക് നൽകിയ സ്വീകരണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രതികരിച്ചത്.
രാജ്യം ഭരിക്കുന്ന പാർട്ടി ചെയ്യേണ്ടതല്ല ബിജെപി ചെയ്യുന്നത്. രാജ്യത്ത് ജനാധിപത്യ ശബ്ദവും പ്രതിപക്ഷ ശബ്ദവും വേണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയാണ് കോൺഗ്രസിന്റെ യാത്രയെന്നും കെ സി വേണുഗോപാൽ വാദിച്ചു. ജനങ്ങൾക്കിടയിൽ സ്നേഹം പടർത്തുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയമായതിനാൽ സ്വാഭാവികമായും രാഷ്ട്രീയ വിമർശനങ്ങൾ ഉയരുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. വിമർശനങ്ങളിൽ കോൺഗ്രസ് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല. കേരളത്തിൽ നടത്തുന്ന യാത്രയുടെ ഭാഗമായി പിണറായി വിജയൻ സർക്കാരിനെതിരെ ക്രിയാത്മകമായ എന്തെങ്കിലും വിമർശനം രാഹുൽ ഗാന്ധി ഉന്നയിക്കുമോ എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
Comments