തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യൂറോപ്യൻ സന്ദർശനത്തിനൊരുങ്ങുന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേയ്ക്കാണ് മന്ത്രി ആദ്യം യാത്ര ചെയ്യുക. ഈ മാസം 19-ന് അദ്ദേഹം പാരിസിലേയ്ക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യൻ യാത്ര നടത്തുന്നതിന് മുമ്പായിരിക്കും മുഹമ്മദ് റിയാസിന്റെ പാരിസ് യാത്ര.
ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പാരീസ് സന്ദർശനം. അതേസമയം, വിദ്യാഭ്യാസം, നിക്ഷേപ ആകർഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശ യാത്ര നടത്തുക. വിദ്യാഭ്യാസ മേഖലയിലെ പഠനത്തിനായി മന്ത്രി വി.ശിവൻകുട്ടി ഫിൻലൻഡ്, നോർവെ എന്നിവിടങ്ങൾ സന്ദർശിക്കും.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ ഉൾപ്പെട്ട സംഘം ബ്രിട്ടൺ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾ. എന്നാൽ കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും വിദേശ യാത്രകൾ അനിവാര്യമാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു.
Comments