കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തെളിവ് സഹിതം 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇ ഡിക്ക് നൽകാനൊരുങ്ങി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുവേന്ദു അധികാരി. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ അഴിമതിയും സ്വജനപക്ഷപാതവും വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി അന്വേഷണ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സർക്കാരിനെ കുഴയ്‌ക്കുന്ന തെളുവുമായി പ്രതിപക്ഷം എത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയപ്പോൾ ടി എം സി നേതാക്കളുടെ അഴിമതി വിവരങ്ങളടങ്ങിയ രേഖകൾ പുറത്തു വിടുമെന്ന് അധികാരി പറഞ്ഞിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് കൈമാറുമെന്ന് ബിജെപി എം എൽ എമാർ നിയമസഭയിൽ പറഞ്ഞിരുന്നു. സർക്കാർ നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഇ ഡി ഇവരുടെ ഓഫീസുകളിൽ തിരച്ചിൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
പശ്ചിമ ബംഗാളിൽ കടുത്ത രാഷ്‌ട്രീയ പോര് മുറുകുമ്പോൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത് പാർട്ടിയിലെ 99 ശതമാനം പ്രവർത്തകരും സത്യസന്ധരാണെന്നാണ്. എന്നാൽ ഇതിന് മറുപടിയായി ബിജെപി പറഞ്ഞത് 99 ശതമാനം ആളുകളും അഴിമതിക്കാരായിരിക്കും എന്നായിരുന്നു. തൃണമൂൽ നേതാക്കൾ എത്ര രക്ഷപെടാൻ ശ്രമിച്ചാലും പ്രയോജനമില്ലെന്നും എല്ലാവരെയും കുടുക്കാൻ കഴിയുന്ന രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും അധികാരി അവകാശപ്പെട്ടു.
Comments