ന്യൂഡൽഹി: അതിർത്തിയിൽ ചൈന ഭീകരമായ വെല്ലുവിളി സൃഷ്ടിക്കുന്നതായി നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ. ചൈന കരയിലും സമുദ്ര മേഖലയിലും കടന്നു കയറ്റം വർദ്ധിപ്പിക്കുന്നു. ചൈനയുടെ ഇടപെടൽ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ശക്തമായ സുരക്ഷയാണ് നാവിക സേന സജ്ജമാക്കിയിരിക്കുന്നത്.2008 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വിവിധ ഓപ്പറേഷനുകൾ നടത്തുന്നതായി മേധാവി വ്യക്തമാക്കി.അന്നു മുതൽ തുടർച്ചയായ സാന്നിധ്യം മേഖലയിലുണ്ട്. പ്രദേശത്ത് യുദ്ധക്കപ്പലുകളുടെയും മത്സ്യക്കപ്പലുകളുടെയും സാന്നിധ്യവുമുണ്ട്. ഇന്ത്യൻ നാവികസേന ഇത്തരം കപ്പലുകളെ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് സേന ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ പ്രവർത്തനങ്ങളും വികസനങ്ങളും രാജ്യത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴു വർഷത്തിനിടെ കമ്മീഷൻ ചെയ്ത 29 കപ്പലുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നും നിലവിൽ നിർമാണത്തിലിരിക്കുന്ന 40 കപ്പലുകളിൽ 38 എണ്ണവും ഇന്ത്യൻ കപ്പൽശാലകളിൽ നിർമിക്കുന്നുണ്ടെന്നും അറിയിച്ചു. 2047-ഓടെ നാവികസേനയെ പൂർണമായി തദ്ദേശീയവത്കരിക്കുകയാണ് ലക്ഷ്യമെന്നും മേധാവി പറഞ്ഞു.
Comments