തിരുവനന്തപുരം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ തുടർ നീക്കങ്ങൾ കരുതലോടെയാകണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടനയെ വേട്ടയാടുകയാണെന്ന തോന്നൽ ഉണ്ടാകാൻ പാടില്ല. നിയമപ്രകാരം മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോപ്പുലർഫ്രണ്ടിനെതിരായ തുടർ നടപടികൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർമാരുടെയും , എസ്പിമാരുടെയും യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ലഹരിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാം. കാപ്പ ഫലപ്രദമായി ഉപയോഗിക്കണം. പോലീസിന്റെ ശുപാർശകളിൽ സംശയം തോന്നിയാൽ കളക്ടർമാരും എസ്പിമാരും തമ്മിൽ ചർച്ച നടത്തണം. കുറ്റവാളികൾക്ക് മേൽ കാപ്പ ചുമത്തുന്നതിന് ചില കളക്ടർമാർ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് പാടില്ല. സംസ്ഥാനത്തു നിന്നും ലഹരിസംഘങ്ങളെ തുടച്ചു നീക്കുക തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കണ്ട് നിരോധിച്ച ഒരു സംഘടനയ്‌ക്കെതിരെ മുഖ്യമന്ത്രി മൃദുസമീപനം കാണിക്കുന്നതിൽ ബിജെപി ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വേട്ടയാടുകയാണെന്ന തോന്നൽ ഉണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം.
Comments