കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ സിസിടിവി ക്യാമറയിൽ കുടുങ്ങി. മുണ്ടക്കയം വണ്ടംപതാൽ സ്വദേശി ഷിഹാബ് ആണ് മാമ്പഴം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ഷിഹാബിനെതിരെ കേസ് എടുത്തു.
കഴിഞ്ഞ മാസം 30 നായിരുന്നു സംഭവം എന്നാണ് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അന്നേ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഷിഹാബിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഇതു കഴിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ നാല് മണിയോടെയായിരുന്നു മോഷണം നടത്തിയത്.
പുറത്ത് തുറന്നുവെച്ച നിലയിൽ ആയിരുന്നു മാമ്പഴങ്ങൾ. സംഭവ സമയം അടുത്ത് കടക്കാരൻ ഉണ്ടായിരുന്നില്ല. ഇത് കണ്ട ഷിഹാബ് വണ്ടി നിർത്തി മാങ്ങകൾ ഇരുചക്ര വാഹനത്തിന്റെ പുറകിലേക്ക് ഇടുകയായിരുന്നു.
കിലോയ്ക്ക് 600 രൂപ വിലവരുന്ന മാമ്പഴങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. ഇത്തരത്തിൽ ആറായിരം രൂപയുടെ 10 കിലോ മാമ്പഴങ്ങൾ ഷിഹാബ് മോഷ്ടിച്ചു. നേരത്തെയും നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇടുക്കി പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഷിഹാബ്.















