മയക്കുമരുന്ന് കഴിച്ച് വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാൾ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണിൽ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം. ചെറൂയ് സെവില്ല എന്നയാളാണ് ലഹരി ഉപയോഗിച്ച് അക്രമാസക്തനായത്. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിനാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വിവരം.
വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സെവില്ല അക്രമകാരിയായത്. ആദ്യം വിമാനത്തിനുള്ളിലെ ശുചിമുറി ഇയാൾ ചവിട്ടി തകർത്തു. ഇതിന് ശേഷം വിമാനത്തിനുളളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. വിമാനത്തിലെ ജീവനക്കാർ ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റ് യാത്രക്കാരുടെ അടുത്ത് പോയി അവരെ ബുദ്ധിമുട്ടിച്ചതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ വിമാനത്തിലെ ഒരു ജീവനക്കാരിയുടെ നെഞ്ചിൽ ഇയാൾ കയറിപ്പിടിക്കുകയും ചെയ്തു. ഇതോടെ മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ സീറ്റിൽ ബന്ധിക്കുകയായിരുന്നു. വിമാനത്തിൽ കിടന്ന് സെവില്ല അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നും, ഉച്ചത്തിൽ കിടന്ന് അലറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോടതിയിൽ ഹാജരായപ്പോൾ ഇയാൾ താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുൻപായി സൈലോസിബിൻ കഴിച്ചിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. കുറ്റം ഏൽക്കുന്നുവെന്നും, ചെയ്ത തെറ്റിന് ക്ഷമ പറയുന്നുവെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. നിലവിൽ ഇയാളെ സ്വന്തം ജാമ്യത്തിൽ കോടതി വിട്ടയച്ചു.
Comments