കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസന മുരടിപ്പിൽ സിപിഎമ്മിനെ പഴിചാരി മമത ബാനർജി. ബംഗാളിന് ടാറ്റ നാനോ ഫാക്ടറി നഷ്ടമാകാൻ കാരണം സിപിഎമ്മാണെന്ന് മമത പറഞ്ഞു. വടക്കൻ ബംഗാളിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പലരും പറയുന്നു, ടാറ്റയെ ബംഗാളിൽ നിന്നും ഓടിച്ചത് ഞങ്ങളാണെന്ന്. ഞാനല്ല, സിപിഎം കാരണമാണ് ടാറ്റ ബംഗാൾ വിട്ടുപോയത്. ജനങ്ങളിൽ നിന്നും സിപിഎം നിർബന്ധപൂർവ്വം ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ, ഞങ്ങൾ ആ ഭൂമി കർഷകർക്ക് തിരിച്ചു നൽകി. മമത പറഞ്ഞു. എന്തിന് വേണ്ടിയാണെങ്കിലും, നിർബന്ധിച്ച് ഭൂമി പിടിച്ചെടുക്കുന്നതിനോട് യോജിപ്പില്ലെന്നും അവർ പറഞ്ഞു. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ താൻ ശ്രമിക്കുകയാണെന്നും മമത അവകാശപ്പെട്ടു.
എന്നാൽ, മമത മലർന്നു കിടന്ന് തുപ്പുകയാണ് എന്നായിരുന്നു സിപിഎം നേതാവ് സുജൻ ചക്രവർത്തിയുടെ മറുപടി. ബംഗാളിന്റെ ദുരവസ്ഥയ്‌ക്ക് കാരണം മമതയുടെ ദുർഭരണമാണ്. കാർഷിക രംഗം തകർന്നു. സംസ്ഥാനത്ത് വ്യവസായങ്ങളില്ല. കഴിഞ്ഞ 11 വർഷമായി സംസ്ഥാനത്ത് പുതിയതായി ഒരു വ്യവസായ സ്ഥാപനം പോലും തുറന്നിട്ടില്ല. സംസ്ഥാനത്തെ യുവാക്കൾ അക്ഷമരാണെന്നും സിപിഎം ആരോപിച്ചു.
2011ൽ സിപിഎം ഭരണകാലത്ത് ബംഗാളിലെ സിംഗൂരിൽ നടന്ന സംഘർഷങ്ങളുടെ ഫലമായിട്ടാണ് ടാറ്റ നാനോ പ്ലാന്റ് ബംഗാളിന് നഷ്ടമായത്. സിംഗൂരിലും നന്ദിഗ്രാമിലും നടന്ന സംഘർഷങ്ങളെ തുടർന്നാണ്, സംസ്ഥാനത്തെ 34 വർഷം നീണ്ടു നിന്ന ഇടതുഭരണം അവസാനിച്ചത്.
Comments