കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച് യുവാക്കൾ. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരാണ് ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് നഗരമദ്ധ്യത്തിൽ സോപ്പ് തേച്ച് കുളിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇരുവരെയും പിടികൂടി.
നാല് ദിവസം മുൻപ് ഭരണിക്കാവ് ജംഗ്ഷനിലായിരുന്നു സംഭവം എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബൈക്കിൽ അർദ്ധ നഗ്നനരായി ഇരുന്നുകൊണ്ട് സോപ്പ് തേച്ച് കുളിക്കുകയായിരുന്നു യുവാക്കൾ. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് യാത്രികർ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്തുവന്നത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു യുവാക്കൾക്കെതിരെ പോലീസ് കേസ് എടുത്തത്. ഗതാഗത നിയമം ലംഘിച്ചതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം കൗതുകത്തിന് വേണ്ടി ചെയ്തതാണെന്നാണ് യുവാക്കൾ പറയുന്നത്. കളി കഴിഞ്ഞ് വരുന്നതിനിടെ മഴ പെയ്തു. ഇതോടെ സോപ്പ് തേച്ച് കുളിക്കുകയായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു.
Comments