കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ, ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഡബിൾ സാഗർ പാണ്ഡേ, കൊമേഡിയൻ രാജു ശ്രീവാസ്തവ, നടൻ സിദ്ധാന്ത് വീർ സൂര്യവംശി.. ഈ അടുത്ത കാലത്ത് വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രമുഖരുടെ പട്ടിക നീളുകയാണ്. അമിത വ്യായാമം മരണത്തിലേക്കുള്ള വാതായനമാണോ? ശാസ്ത്രീയമായ വ്യായാമ രീതികൾ എപ്രകാരമെന്ന് നോക്കാം.
അമിത വേഗത്തിലും അധികമായുമുള്ള വ്യായാമം അപകടകരമാണെന്നാണ് ഹൃദയാരോഗ്യ വിദഗ്‌ദ്ധരുടെ അഭിപ്രായം. ചെറുപ്പകാലത്ത് ശരീരം അനങ്ങുന്ന ജോലികൾ ചെയ്യാതിരുന്നവർ മുപ്പതുകളിലും നാൽപ്പതുകളിലും ഒറ്റയടിക്ക് ശരീര സൗന്ദര്യം നേടിയെടുക്കാൻ വ്യായമങ്ങളിൽ ഏർപ്പെടുന്ന പതിവ് ഇന്ത്യയിൽ കൂടുതലാണ്. ഇതും അപകടകരമാണ്. വ്യായാമത്തിനിടെ ക്ഷീണം, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ എത്രയും വേഗം അന്നത്തെ വ്യായാമം അവസാനിപ്പിക്കേണ്ടതാണ്.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ കഠിന വ്യായാമ മുറകൾ ഒഴിവാക്കണം. ഇത്തരക്കാർ നടത്തം, ജോഗിംഗ്, സൈക്ക്ലിംഗ്, നീന്തൽ തുടങ്ങിയവ ആഴ്ചയിൽ 150 മിനിട്ട് ചെയ്താൽ മതിയാകും. ഹൃദ്രോഗ പാരമ്പര്യമുള്ളവർ മദ്ധ്യവയസ്സിൽ ജിമ്മിൽ പോയി ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ തീരാമാനമെടുക്കും മുൻപ് തീർച്ചയായും ഡോക്ടറുടെ ഉപദേശം സ്വീകരിച്ചിരിക്കണം.
മുപ്പത് വയസ്സിന് മുകളിലുള്ളവർ വർക്ക് ഔട്ട് ചെയ്യുമ്പോൾ, നിർബന്ധമായും കൃത്യമായ ഇടവേളകൾ വാം അപ്പിനും ശരീരം തണുപ്പിക്കാനും സ്വീകരിക്കണം. ഇത്തരക്കാർ കൊടും ചൂടിലുള്ള വ്യായാമം ഒഴിവാക്കണം. ഇത്തരക്കാർ കഠിന വ്യായാമ മുറകൾക്ക് പകരം കാർഡിയോയിൽ കൂടുതൽ ശ്രദ്ധിക്കുന്നതാകും അഭികാമ്യം. ആഴ്ചയിൽ 4 ദിവസം കാർഡിയോയും 2 ദിവസം സ്വാഭാവിക വ്യായാമവും ഒരു ദിവസം പരിപൂർണ്ണ വിശ്രമവുമാണ് ഹൃദയാരോഗ്യ വിദഗ്ധർ മദ്ധ്യവയസ്കർക്ക് നിർദ്ദേശിക്കുന്നത്.
Comments