അസുഖങ്ങൾ അലട്ടുന്നതിനാൽ കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നിൽക്കുകയാണ് നടൻ ശ്രീനിവാസൻ. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനിൽക്കൽ വലിയ ദുഃഖമാണ്. എന്നാൽ തങ്ങളുടെ പ്രിയ നടൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത ഹൃദയം കൊണ്ടാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. നവാഗതനായ ജയലാല് ദിവാകരന് സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുകയാണ് എന്ന് സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചു. കുറുക്കന്റെ സെറ്റിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്.
സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,
‘മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു. “ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു”. ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,”ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി; എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു’.
Comments