അമരാവതി: വാഷിങ് മെഷീനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ആന്ധ്രയിലെ കഡിരി ടൗണിൽ രണ്ട് പുരുഷന്മാർ ചേർന്ന് വാക്കുതർക്കത്തിനിടയിൽ സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
കഡിരി ടൗണിലെ മഷാനംപേട്ട സ്വദേശിയായ പദ്മാവതി ഭായ് ആണ് കൊല്ലപ്പെട്ടത്. അയൽക്കാരായ വെമന്നാ നായിക്, പ്രകാശ് നായിക് എന്നിവരുമായി വാഷിങ് മെഷീനെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടെ യുവാക്കൾ വലിയ കല്ലെടുത്ത് സ്ത്രീയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ബോധരഹിതയായ സ്ത്രീയെ അയൽക്കാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.
കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്തിനാണ് വാഷിങ് മെഷീനെ ചൊല്ലി തർക്കമുണ്ടായതെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്.
Comments