ഫിഫ ലോകകപ്പ് മത്സരം അവസാനിച്ചതോടെ വിവിധ മേഖലകളിൽ റെക്കോർഡുകളുടെ പെരുമഴയാണ് പെയ്തൊഴിയുന്നത്. അന്നേദിവസം കേരളം കുടിച്ചുതീർത്ത മദ്യത്തിൽ പോലും റെക്കോർഡ് രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സിയും. ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്ന ഖ്യാതി ഇനി മെസ്സിക്ക് സ്വന്തം.
ഗിന്നസിൽ ഇടം പിടിച്ച കോഴിമുട്ട പോസ്റ്റാണ് മെസ്സിയുടെ ‘ലോകകപ്പ് പോസ്റ്റ്’ മറികടന്നത്. ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച പോസ്റ്റ് കഴിഞ്ഞ ദിവസം വരെ ‘ഗിന്നസ് മുട്ട‘യായിരുന്നു. വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന് പേരിട്ടിരിക്കുന്ന പേജിന്റെ പോസ്റ്റിനായിരുന്നു ബഹുമതി. റെക്കോർഡ് സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഉയർന്നുവന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അത്. വൈകാതെ തന്നെ റെക്കോർഡ് നേടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ഫുട്‌ബോൾ ഇതിഹാസം.
ലോക ചാമ്പ്യൻമാർ എന്ന തലക്കെട്ടോടെ മെസ്സി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. കപ്പുയർത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളും അർജന്റീനയുടെ ആഹ്ളാദവും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റിലെ ചിത്രങ്ങൾ.
‘ലോക ചാമ്പ്യൻമാർ..! ഒരുപാട് തവണ സ്വപ്നം കണ്ടതാണിത്. അതിനായി ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോരുത്തർക്കും പിന്തുണ നൽകിയ എല്ലാവർക്കും എന്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. ഒന്നിച്ചുനിന്നാൽ നേടിയെടുക്കുമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ഈ നേട്ടം ഈ ടീമിന് അർഹതപ്പെട്ടതാണ്. ടീമിലെ ഓരോ വ്യക്തികളേക്കാൾ ഒരു കൂട്ടായ്മയുടെ വിജയമാണിത്. ഓരോ അർജന്റീനക്കാരുടെയും സ്വപ്നത്തിനായി എല്ലാവരും ഒന്നിച്ച് പോരാടി. ഞങ്ങളത് നേടി.. വൈകാതെ നിങ്ങളെ (Argentines) നേരിൽ കാണും.. ‘
ഇതായിരുന്നു ആ പോസ്റ്റ്..
ഡിസംബർ 19ന് ഇന്ത്യൻ സമയം രാത്രി 12.03ന് ആയിരുന്നു ഇതു പോസ്റ്റ് ചെയ്തത്. ഹൃദയഹാരിയായ ഈ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ നേടിയത് 58 ദശലക്ഷം ലൈക്കുകളായിരുന്നു. കൃത്യമായി പറഞ്ഞാൽ 58,267,114 ലൈക്കുകൾ. 56,313,608 പിന്നിട്ടപ്പോൾ തന്നെ മെസ്സിയുടെ പോസ്റ്റ് മുൻ റെക്കോർഡ് മറികടന്നിരുന്നു. അങ്ങനെ ഗിന്നസ് മുട്ട ഇപ്പോൾ വെറുമൊരു മുട്ട പോസ്റ്റ് മാത്രമായി മാറിയിരിക്കുകയാണ്.
Comments