അഹമ്മദാബാദ്: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരം പിടിച്ചെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം ഈ സൂചനയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് മുഴുവൻ രാഷ്ട്രീയ സാഹചര്യത്തെയും മാറ്റിമറിച്ചെന്നും അമിത് ഷാ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കുറി തിരഞ്ഞെടുപ്പിൽ പല പുതിയ പാർട്ടികളും മത്സരിച്ചു. നിരവധി വാഗ്ദാനങ്ങളായിരുന്നു അവർ മുന്നോട്ടുവെച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ഇവരെയെല്ലാം ചുരുട്ടിയെറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും സ്വാഗതം ചെയ്യാന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഗുജറാത്തിലെ ജനങ്ങൾ പറയുന്നത്. എല്ലായ്പ്പോഴും ഗുജറാത്തിന്റെ മനസ്സ് ബിജെപിയ്ക്കൊപ്പമാണെന്നാണ് ജനങ്ങൾ പ്രഖ്യാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർക്ക് പ്രചോദനവും, ആത്മവിശ്വാസവും നൽകുന്നതാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം. 2024 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളാണ് ഗുജറാത്തിൽ ബിജെപിയുടെ റെക്കോർഡ് വിജയത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments