തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് ഇല്ലാതെ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. വ്യാജ കാർഡുകൾ എടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
സംസ്ഥാനത്ത് അടിക്കടി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്.
ഇതിന്റെ ഭാഗമായി നിരവധി റെസ്റ്റോറന്റുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. വടക്കൻ പറവൂരിൽ നിന്ന് രണ്ടാം തവണയും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ പിടികൂടി. നേരത്തെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അറുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു.
Comments