ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതുഗതാഗത വാഹനങ്ങളിൽ കാലപ്പഴക്കം ചെന്നവയെ നീക്കം ചെയ്യുമെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ നീക്കം ചെയ്ത് തൽസ്ഥാനത്ത് പുത്തൻ വാഹനങ്ങൾ ഇറങ്ങും. ഏപ്രിൽ ഒന്ന് മുതൽ ഇതുപ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഒമ്പത് ലക്ഷത്തിലധികം പഴയ വാഹനങ്ങൾ (15 വർഷത്തിന് മുകളിൽ കാലപ്പഴക്കം ചെന്നവ) മാറ്റിസ്ഥാപിക്കുന്നതിനുള്ള അനുമതി ഇതിനോടകം നേടിയിട്ടുണ്ട്. ഇതോടെ വായുമലിനീകരണത്തിന് കാരണമാകുന്ന ബസുകൾ, കാറുകൾ എന്നിവ റോഡുകളിൽ നിന്ന് അപ്രത്യക്ഷമാകും. ഇവയുടെ സ്ഥാനത്ത് പുതിയ വാഹനങ്ങളും ബദൽ ഇന്ധനങ്ങളും എത്തുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
എഥനോൾ, മെഥനോൾ, ബയോ-സിഎൻജി, ബയോ-എൽഎൻജി, വൈദ്യുത വാഹനങ്ങൾ എന്നിവയുടെ ഉപഭോഗം എളുപ്പമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇതോടെ വായുമലിനീകരണം ഒരുപരിധി വരെ കുറഞ്ഞുകിട്ടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Comments