പട്ന: ബിഹാറിൽ സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ 5 ബോഗികൾ എൻജിനിൽ നിന്ന് വേർപെട്ടു. ബീഹാറിലെ ബേട്ടിയയിലെ മജൗലിയ സ്റ്റേഷന് സമീപമാണ് സത്യാഗ്രഹ എക്സ്പ്രസ് തീവണ്ടിയുടെ അഞ്ച് ബോഗികൾ എഞ്ചിനിൽ നിന്ന് വേർപെട്ടത്. മുസാഫർപൂർ-നർകതിയാഗഞ്ച് റെയിൽവേ സെക്ഷനിലാണ് സംഭവം നടന്നത്.
രാവിലെ 10 മണിക്കായിരുന്നു സംഭവം. ബോഗികളിൽ നിന്ന് വേർപെട്ട് എഞ്ചിൻ കിലോമീറ്ററുകളോളം സഞ്ചരിച്ചു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ തന്നെ ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. തുടർന്ന് ബിഹാറിലെ റക്സോൾ ജില്ലയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ഓടുന്ന തീവണ്ടിയിൽ ബോഗികൾ വീണ്ടും ഘടിപ്പിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ബോഗികൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന കപ്ലിംഗിന്റെ തകരാർ മൂലമാണ് ബോഗികൾ എഞ്ചിനിൽ നിന്ന് വേർപ്പെട്ടതെന്നാണ് പ്രഥമിക നിഗമനം.
Comments