ബംഗ്ളൂരു : ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാനത്ത് വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ പറഞ്ഞു. അടൽ ബിഹാരി വാജ്പേയി സർക്കാർ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും കുട്ടികൾ നല്ല അന്തരീക്ഷത്തിലാണ് പഠിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങൾ പഴക്കമുളള സ്കൂളുകൾ പൊളിച്ചാണ് ആധുനിക രീതിയിലുളള സ്കൂളുകൾ ബൃഹത് ബംഗ്ലൂരുവിൽ നിർമിക്കുന്നത്. അടുത്ത വർഷത്തോടെ 15,000 അധ്യാപകരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ സ്കൂളുകളിൽ സ്വകാര്യ സ്കൂളുകളേക്കാൾ മികച്ച ആധുനിക ലബോറട്ടറികളാണുള്ളത്. 6000 കുട്ടികൾ പഠിക്കുന്ന നാല് സ്കൂളുകളാണ് നവീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചേരിപ്രദേശത്ത് താമസിക്കുന്നവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കും പഠിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ജനങ്ങൾ സർക്കാർ സ്കൂളുകളും സർക്കാർ ആശുപത്രികളെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്. അതിനാൽ, 108 നമ്മ ക്ലിനിക്കുകളാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
Comments