വാഷിംഗ്ടൺ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ്
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളിയായ വിവേക് രാമസ്വാമി. പ്രമുഖ ടെലിവിഷൻ ചാനലായ ഫോക്സ് ന്യൂസിലൂടെയാണ് രാമസ്വാമി തന്റെ സന്നദ്ധത പ്രകടിപ്പിച്ചത്.
കേരളത്തിൽ വേരുകളുള്ള ഇദ്ദേഹം അമേരിക്കയിലെ പ്രമുഖ സംരംഭകരിൽ ഒരാളാണ്. കൂടാതെ സാമൂഹിക പ്രവർത്തനത്തിലും എഴുത്തിലും സജീവ സാന്നിദ്ധ്യവുമാണ്. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനും കൂടിയാണ് വിവേക്.
മുപ്പത്തിയേഴുകാരനായ വിവേകിന്റെ മാതാപിതാക്കൾ കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. അമേരിക്കയിലാണ് വിവേക് ജനിച്ച് വളർന്നത്. പിതാവ് വി ജി രാമസ്വാമി വടക്കാഞ്ചേരി സ്വദേശിയാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറായ ഇദ്ദേഹം പേറ്റന്റ് അഭിഭാഷകനും കൂടിയായിരുന്നു. അമ്മ ഗീത രാമസ്വാമി തൃപ്പുണിത്തുറ സ്വദേശിനിയാണ്. മുതിർന്ന പൗരൻമാരുടെ മനശ്സ്ത്ര വിദഗ്ദയാണ് ഇവർ. തെക്ക് പടിഞ്ഞാറൻ ഓഹിയോവിലാണ് ഇവർ താമസിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും വിവേക് രാമസ്വാമി ഉൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജയായ നിക്കി ഹേലിയും ഇവരിൽ ഉൾപ്പെടും. യുഎന്നിലെ മുൻ അമേരിക്കൻ സ്ഥാനപതിയാണ് നിക്കി ഹേലി. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള മറ്റൊരാൾ.
Comments