തൊടുപുഴ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് നവവരന് ദാരുണാന്ത്യം. ഇടുക്കി ചെമ്മണ്യാർ-ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
നവദമ്പതികൾ മൂന്നാറിലേക്ക് പോയ ശേഷം തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ഗ്യാപ് റോഡിൽ നിന്ന് ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സെൻസ്റ്റെനിന്റെ ജീവൻ രക്ഷിക്കാനായില്ല. മേരി സഞ്ജുവിനെ തുടർ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
സെൻസ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടയിൽ ഇവിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരി 14-ന് പെരുമണ്ണൂർ സ്വദേശി ഡിയോൺ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു.
Comments