തിരുവനന്തപുരം: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാനഷ്ടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെന്റ്. തന്റെ സ്വതസിദ്ധമായ നർമ്മം കൊണ്ട് എല്ലാവരുടേയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
അർബുദത്തെ പിന്നാലെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയ വെയാണ് അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. 75 വയസ്സായിരുന്നു.
1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
Comments