ഡൽഹി: ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതാൽപ്പര്യം എന്തിനേക്കാളും ഉയർന്നതാണ് എന്നു കരുതുന്ന പാർട്ടിയാണ് ബിജെപി. ഹനുമാൻ സ്വാമിയിൽ നിന്നും ബിജെപി പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും രാക്ഷസന്മാരോട് ഭഗവാൻ പോരാടിയതു പോലെ, തന്റെ സർക്കാർ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായി പോരാടുകയാണെന്നും രാജ്യത്തുടനീളം ഹനുമാൻ ജയന്തി ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ മാത്രം ബിജെപി ഒതുങ്ങരുത്. ജനങ്ങളുടെ ഹൃദയം കീഴടക്കേണ്ടതുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ഭഗവാൻ ഹനുമാൻ അസുരന്മാരോട് പോരാടിയ പോലെ, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപിയും അതിന്റെ പ്രവർത്തകരും യുദ്ധം ചെയ്തു. ഭഗവാൻ ഹനുമാന്റെ രാഷ്ട്രത്തിനായുള്ള നിസ്വാർത്ഥ സേവനം ബിജെപി പ്രവർത്തകർക്ക് പ്രചോദനമാണ്. രാജ്യതാൽപ്പര്യം എന്തിനേക്കാളും ഉയർന്നതാണ് എന്ന് കരുതുന്ന പാർട്ടിയാണ് ബിജെപി. സാമൂഹ്യനീതി എന്ന മുദ്രാവാക്യം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, സാമൂഹ്യനീതിക്കും എല്ലാ വിഭാഗക്കാർക്കും തൊഴിലവസരങ്ങൾ നൽകുന്നതിനും ബിജെപി പ്രയത്നിക്കുന്നു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ഒരു വിവേചനവുമില്ലാതെ നൽകുന്നു എന്നത് ഒരു ഉദാഹരണമാണ്’.
‘കോൺഗ്രസിന്റെ സ്വത്വം കുടുംബാധിപത്യവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. അതേസമയം, ബിജെപിയുടേത് എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുക എന്ന നയമാണ്. ‘സബ്കാ സത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്’ (എല്ലാവരുടെയും പിന്തുണ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്ന മന്ത്രവുമായാണ് ബിജെപി പ്രവർത്തിക്കുന്നത്. 2014-ൽ സംഭവിച്ചത് കേവലം ഇന്ത്യയുടെ ഭരണമാറ്റം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും പുറത്തു വന്നുകൊണ്ട് ഒരു പുതിയ യുഗത്തിന് ഇന്ത്യ തുടക്കം കുറിക്കുകയായിരുന്നു. 1947-ൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടു. എന്നാൽ, അടിമത്തത്തിന്റെ മാനസികാവസ്ഥ അവർ കുത്തിവെച്ചിട്ടാണ് പോയത്. ചിലർ അത് മുതലെടുത്തുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കി. ബിജെപി സർക്കാർ വന്നതോടുകൂടി അതിനാണ് അവസാനമായത്’.
‘ഞാൻ സ്വച്ഛ് ഭാരതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ചിലർ എന്നെ വിമർശിച്ചു. ‘ഡിജിറ്റൽ ഇന്ത്യ’ എന്ന എന്റെ ആശയത്തെയും അവർ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വാദിച്ചു. ഇതൊന്നും അവർക്ക് ദഹിക്കുന്നില്ല. വർഷങ്ങളായി ഭരിച്ചവർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ബിജെപി ചെയ്തു കാണിച്ചു കൊടുത്തു. ഇപ്പോൾ, അവർ നുണകൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. പക്ഷെ, രാജ്യത്തെ പാവപ്പെട്ടവരും ദരിദ്രരും ദളിതരും വനവാസികളും ‘താമര’യെ സംരക്ഷിക്കുമെന്ന് അവർക്കറിയില്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ മാത്രം ബിജെപി ഒതുങ്ങരുത്, നമുക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയം കീഴടക്കേണ്ടതുണ്ട്’- എന്നും ബിജെപി പ്രവർത്തകരെ അഭിസംബോദന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Comments