ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ഗദഗ്-ഹാവേരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ബസവരാജ് ബൊമ്മൈ. ഛത്രപതി ശിവജിയുടെ ആശയങ്ങൾക്ക് വേണ്ടി പോരാടുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ഹുബ്ബള്ളിയിലെ മറാത്ത ഗല്ലിയിലാണ് താൻ ജനിച്ചു വളർന്നത്, അതുകൊണ്ട് തന്നെ മറാത്ത സമൂഹവുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. ശിവാജി മഹാരാജിന്റെ ശിഷ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ആശയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. രാജ്യസ്നേഹികളായിരുന്ന മറാത്ത സമൂഹം ശക്തരാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരുന്നപ്പോൾ മറാത്ത കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയിലൂടെ 27,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ഗംഗാ കല്യാണ പദ്ധതി പ്രകാരം കുഴൽക്കിണർ നിർമ്മിച്ചു നൽകുകയും ചെയ്തു. താൻ സമൂഹത്തിനൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുമെന്നും ബൊമ്മൈ ഉറപ്പുനൽകി.
സംസ്ഥാനത്ത് 28 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ തെക്കൻ കർണാടകയിലെ 14 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 26ന് കഴിഞ്ഞിരുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് മെയ് 7-നാണ്.