കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ബിഷപ്പ് ഹൗസ് സന്ദർശനം സന്തോഷം നൽകുന്നതെന്ന് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഈ സമീപനം പിന്തുടരണമെന്നും ബിഷപ്പ് പ്രതികരിച്ചു. സ്നേഹ യാത്ര എന്ന പേരിൽ ബിജെപി നടത്തുന്ന ഈസ്റ്റർ ദിന സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം ക്രൈസ്തവ ഭവനങ്ങളിൽ എത്തിക്കുകയാണ് ഗൃഹ സമ്പർക്കത്തിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടാണ് സമ്പർക്ക യത്നത്തിന് നേതൃത്വം നൽകിയത്. ജില്ലയിലെ പ്രമുഖ വ്യവസായി റോഷൻ കൈനടിയുടെ കാരപ്പറമ്പിലെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം.
ഇതിന് പിന്നാലെ കോഴിക്കോട് ബിഷപ്പ് ഹൗസിലേക്ക് എത്തുകയായിരുന്നു. ബിഷപ്പുമായുള്ള സൗഹൃദ സന്ദർശനത്തിന് ശേഷം ഈസ്റ്റർ മധുരം പങ്കിട്ടാണ് നേതാക്കൾ മടങ്ങിയത്. പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിന സന്ദേശം കൈമാറാൻ ജില്ലയിലെ മുഴുവൻ ക്രൈസ്തവ ഭവനങ്ങളിലും ബിജെപി പ്രവർത്തകർ സന്ദർശനം നടത്തി.
ഇതിനിടെ ബിജെപിയുടെ സമീപനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതികരണമറിയിച്ചു. കൃസ്ത്യൻ സമൂഹം ബിജെപിയോട് അടുക്കുന്നുവെന്ന വാർത്തകൾ ജോർജ്ജ് ആലഞ്ചേരി ശരിവച്ചു. ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സമീപനം ബിജെപിക്കുണ്ട്. ബിജെപി ഭരണത്തിൽ കൃസ്ത്യൻ സമൂഹം അരക്ഷിതരല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭകൾ കേരളത്തിൽ ബിജെപിയോട് കൂടുതൽ അടുക്കുമ്പോഴാണ് ജോർജ്ജ് ആലഞ്ചേരിയും നിലപാടുകൾ വ്യക്തമാക്കുന്നത്.
Comments