മലയാള സിനിമയുടെ സ്വന്തം മോഹന്‍ലാലും തൊട്ടതെല്ലാം പൊന്നാക്കിയ യുവ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടെ വാലിബൻ’ പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികൾ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാം എന്ന് ഉറപ്പ് നൽകുന്ന പോസ്റ്ററാണിത്. തോളിലൂടെ വടം ഇട്ട് വലിക്കുന്ന അതിശക്തനായ ഒരു യോദ്ധാവായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണാൻ കഴിയുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ ഫസ്റ്റ്ലുക്ക് തരംഗമായി.
ഗുസ്തിക്കാരനായാണ് മോഹൻലാൽ സിനിമയിലെത്തുക എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ഊഹങ്ങൾക്കൊക്കെയാണ് താൽകാലികമായി വിരാമമായിരിക്കുന്നത്. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഏപ്രിൽ അഞ്ചിന് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത്. ചെന്നൈയിൽ ആണ് അടുത്ത ഷെഡ്യൂൾ.
ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠന്‍, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments