ന്യൂഡൽഹി: അരിക്കൊമ്പൻ കേസിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സംസ്ഥാനത്തിന് വേണ്ടി ഹർജി പരാമർശിച്ചത്. ആനയെ പിടിക്കാൻ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ആരാണ് പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിന്റെ പാനൽ തന്നെയല്ലേ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതെന്ന് ചോദിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. പാനലിലുണ്ടായിരുന്നത് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നു. കേസിൽ കക്ഷി ചേരാനുള്ള മറ്റ് അപേക്ഷകൾ ഇന്ന് കേൾക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വാദിച്ചു. ഇത് ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ പാർപ്പിക്കാൻ പറമ്പിക്കുളത്തിനു പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവിലെ പരാമർശത്തിനെതിരെയാണു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിലും ആവർത്തിക്കുകയായിരുന്നു.
Comments