അമൃത്സർ: ഖലിസ്ഥാൻവാദി സംഘടന വാരിസ് പഞ്ചാബ് ദെ തലവൻ അമൃത്പാൽ സിംഗ് പിടിയിൽ. പഞ്ചാബിലെ മോഗ പോലീസ് സ്‌റ്റേഷനിൽ ഇയാളെ പിടികൂടി എത്തിച്ചതായാണ് റിപ്പോർട്ട്. അമൃത്പാലിനെ അസമിലേക്ക് മാറ്റുമെന്നും പഞ്ചാബ് പോലീസിനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 18 നാണ് അമൃത്പാലും കൂട്ടാളികളും ഒളിവിൽ പോകുന്നത്. പിന്നാലെ സഹായികളെ ഉൾപ്പെടെ പിടികൂടിയെങ്കിലും അമൃത്പാലിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പോലീസിന് കഴിഞ്ഞിരുന്നില്ല. അമൃത്പാൽ കീഴടങ്ങുമെന്നും ഇതിനായി നിബന്ധകൾ മുന്നോട്ടുവെച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താൻ കീഴടങ്ങില്ലെന്ന് അറിയിച്ച് അമൃത്പാൽ വീഡിയോ പുറത്തിറക്കുകയായിരുന്നു. തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
മഫ്തിയിലുള്ള പോലീസുകാർക്കൊപ്പം അമൃത്പാൽ കാറിൽ ഇരിക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.















