ന്യൂഡൽഹി: കായിക പ്രതിഭകളെ ആരും അവഗണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന കായിക മന്ത്രിമാരോട് പ്രധാനമന്ത്രി. ന്യൂ ഇന്ത്യ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരെ അറിയിച്ചത്. സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഖേലോ ഇന്ത്യ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുകയാണ്. ഈ ശ്രമങ്ങൾ കായിക രംഗത്ത് ഇന്ത്യയുടെ അടിത്തറയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ഇംഫാലിൽ നടന്ന കായിക മന്ത്രിമാരുടെ’ചിന്തൻ ശിവിർ’പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കായിക പ്രതിഭയും അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പിക്കണം. പ്രാദേശികമായി സംഘടിപ്പിക്കുന്ന കൂടുതൽ മത്സരങ്ങളും ടൂർണമെന്റുകളും രാജ്യത്ത് നടത്തണം. ഒരു രാജ്യത്തിന്റെ വികസനത്തിന് കായികമേഖല സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഴിവുള്ള ഓരോ കായിക താരത്തിനും ഫലപ്രദമായ അടിസ്ഥാനസൗകര്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്’ പ്രധാനമന്ത്രി പറഞ്ഞു.
‘വടക്കുകിഴക്കൻ മേഖലയിലെ എല്ലാ ജില്ലകളിലും രണ്ട് ഖേലോ ഇന്ത്യ സെന്ററുകളും, ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസും സ്ഥാപിക്കും. ഇവ കായിക ലോകത്ത് ഒരു പുതിയ ഇന്ത്യയുടെ അടിത്തറയായി മാറും. കായിക പരിശീലനത്തിനും അടിസ്ഥാനസൗകര്യങ്ങളിലും സർക്കാരുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കായിക മേഖലയുടെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട് 400 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വടക്കുകിഴക്കൻ മേഖലയിൽ നടപ്പിലാക്കിയത്’. എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments