ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ജമ്മു കശ്മീരിലുടനീളം നിരവധി സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പാകിസ്താൻ കമാൻഡർമാരുടേയും നിർദ്ദേശപ്രകാരം വിവിധ കപട പേരുകളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടക്കുന്നത്. ശ്രീനഗർ, അനന്ത്നാഗ്, കുപ്വാര, പൂഞ്ച്, രജൗരി, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിലാണ് എൻഐഎ തിരച്ചിൽ നടത്തുന്നത്.
മെയ് 5-ന് രജൗരി ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻഐഎയുടെ റെയ്ഡ് നടത്തിയത്. മുൻപ് ഏപ്രിൽ 20-ന് പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സാൻജിയോട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments