കോഴിക്കോട്: പ്രതിപക്ഷ ഐക്യത്തെ കോൺഗ്രസ് മുന്നിൽ നിന്നും നയിക്കണമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയാണ്. അതിനാൽ രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് തന്നെ മുന്നിൽ നിന്ന് നയിക്കണമെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സജി ചെറിയാൻ കോൺഗ്രസിന് അനുകൂല നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോയ ആദ്യ പാർട്ടിയാണ് കോൺഗ്രസെന്നും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഇതിനുദാഹരണമായിരുന്നെന്നും ഗോവിന്ദൻ പറഞ്ഞു മതസൗഹാർദ്ദം എപ്രകാരം തകർക്കാമെന്ന് ആസൂത്രണം ചെയ്യുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ പരാമർശിച്ചിരുന്നു.
ബിജെപിയെ തകർക്കാൻ തങ്ങൾക്ക് മാത്രമേ സാധിക്കൂവെന്ന് അഹങ്കരിച്ച് മുന്നോട്ട് പോയാൽ കനത്ത തിരിച്ചടിയായിരിക്കും കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വരിക. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്നും ഗോവിന്ദൻ പറഞ്ഞു.
Comments