തിരുവനന്തപുരം: കാട്ടാക്കട കോളേജിൽ എസ്എഫ്ഐ ആൾമാറാട്ടം നടന്നത് റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്. തിരിമറിയിൽ മുന്നിൽ നിന്നത് കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈജുദാസ്. ഉദ്യോഗസ്ഥൻ പ്രിൻസിപ്പാൽ ഷൈജുവിന് നൽകിയത് മത്സരിച്ച് ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എന്നാൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് പ്രിൻസിപ്പൽ ഡോ.ഷൈജു തിരുത്തി ചേർക്കുകയായിരുന്നു. ഇതിനെതിരെ സർവകലാശാല നടപടി എടുത്തേക്കും.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്ന സംഭവം ആസൂത്രിത അട്ടിമറി എന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് പ്രിൻസിപ്പൽ ഡോ. ഷൈജു ഉൾപ്പെടുത്തിയിരിക്കുന്നത്. സർവകലാശാലയിലേക്ക് നൽകിയതും കോളേജ് പ്രിൻസിപ്പൽ തന്നെയായിരുന്നു. റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖ പുറത്ത് വന്നതോടെയാണ് അട്ടിമറിയുടെ ചുരുളുകൾ അഴിയുന്നത്.
കേരള യൂണിവേഴ്‌സിറ്റിയിൽ നിലനിൽക്കുന്ന കോളേക്ജ് യൂണിയൻ ഇലക്ഷൻ രീതിയല്ല കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഉള്ളത്. രണ്ട് ഘട്ടങ്ങളിലായി പാലർമെന്റ് ഇലക്ഷൻ മാതൃകയിലാണ് കട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് നടക്കുന്നത് . ക്യാംപസിൽ ആദ്യം നടന്ന ക്ലാസ് റെപ്പ് തെരഞ്ഞെടുപ്പിൽ 43ൽ 43 സീറ്റും നേടിയാണ് എസ്എഫ്ഐ വിജയിച്ചത്. പിന്നീട് യൂണിയൻ പ്രതിനിധികളെ കണ്ടെത്താനുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നു. ജയിച്ചവരുടെ പേരുകൾ പ്രഖ്യാപിച്ച് റിട്ടേണിംഗ് ഓഫീസർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയാണിത്. യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത് സെക്കന്റ് ഡിസിയിലെ അനഘ എ.എസും, ആരോമൽ വി.എല്ലും എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇതിൽ അനഘയുടെ പേര് തിരുത്തിയാണ് പ്രിൻസിപ്പൽ ഡോ.ഷൈജുദാസ് സർവകലാശാലയ്‌ക്ക് പട്ടിക നൽകിയത്. 23 വയസ്സ് കഴിഞ്ഞ വിശാഖിന് ചട്ടപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. എന്നാൽ വിശാഖിനെ മത്സരിക്കാൻ അനുവദിക്കാനായി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർക്കുമേൽ തുടക്കം മുതൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ റിട്ടേണിംഗ് ഓഫീസർ മുഖേന നടക്കില്ലെന്ന സാഹചര്യം വന്നതോടെയാണ് ഷൈജുദാസ് വഴി പേര് തിരുത്തിയത്.
തൂടർന്ന് വിശാഖിനെ യുയുസിയാക്കി പേര് നൽകി. യുണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ചെയർമാനാക്കാനായിരുന്നു നീക്കം. അനഘ രാജിവെച്ചത് കൊണ്ടാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയതെന്ന വിചിത്ര വിശദീകരണമാണ് പ്രിൻസിപ്പാൽ ഷൈജുദാസ് സർവകലാശാലയ്‌ക്ക് നൽകിയത്. സർവകലാശാല തെരഞ്ഞെടുപ്പ് സുതാര്യതയെ ഒട്ടാകെ ചോദ്യം ചെയ്യുന്ന സംഭവമായതിനാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. പ്രിൻസിപ്പാൾ ജി.ജെ.ഷൈജുവിനെതിരെയും സർവ്വകലാശാല നടപടി എടുത്തേക്കും.
വിവാദങ്ങളിൽ മുങ്ങി നിൽകുന്ന ഡോ. ഷൈജുദാസ് ചുരുങ്ങിയ കാലം കൊണ്ടാണ് കോളേജിലെ അധികാര സ്ഥാനത്തെത്തുന്നത്. 2012-ൽ ഫിസിക്സ് അദ്ധ്യാപകനായി എത്തിയ ഇയാൾ രണ്ട് വർഷത്തിനുള്ളിൽ കോളേജിലെ മാനേജ്മെന്റ് പൊളിറ്റിക്സിൽ ഇടപെടുന്ന ആളായി മാറുകയായിരുന്നു. നാക് അക്രഡിറ്റേഷൻ കോളേജിന് ലഭ്യമായതോടെ മാനേജ്മെന്റിന്റെ പിന്തുണയോടെ ഡോ.ഷൈജു പ്രിൻസിപ്പൽ സ്ഥാനത്ത് എത്തുകയായിരുന്നു. വെറും പതിനൊന്ന് വർഷത്തെ സർവീസ് കൊണ്ടാണ് കോളേജിലെ പരമോന്നത പദവി ഇയാൾ കയ്യടക്കിയത്.ഇതിൽ പല സീനിയർ അദ്ധ്യാപകരെയും വെട്ടി മാറ്റിയാണ് ഇയാളെ ഈ പദവിയിൽ എത്തിച്ചതെന്ന് ആരോപണമുണ്ട്.
Comments