തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടയിലും ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും ഫണ്ട് അനുവദിച്ച് സർക്കാർ. മൂന്നാം ഘട്ടം പരിപാലനത്തിനായി 3.84 ലക്ഷം രൂപയാണ് നൽകുന്നത്. തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നവീകരണ ചുമതല.
ഓരോ വർഷവും നീന്തൽകുളത്തിന്റെ പരിപാലനം എന്ന പേരിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് നീന്തൽകുളം നവീകരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അനുവദിച്ചത് 2,28,330 രൂപയായിരുന്നു. രണ്ടാം ഘട്ട വാർഷിക പരിപാലനത്തിന് 3,84,356 രൂപയും നൽകി.മൂന്നും നാലം ഘട്ടത്തിലായി 3,84,356 രൂപ വീതമാണ് നവീകരണത്തിന് നൽകിയത്. മുഖ്യമന്ത്രിയുടെ നീന്തൽകുള വാർഷിക പരിപാലനത്തിന് മാത്രം ചെലവായത് 12 ലക്ഷത്തിലധികം രൂപയാണ്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കും ഔദ്യോഗിക വസതിയിലെ ചെലവുകൾക്കുമായി ലക്ഷങ്ങളാണ് ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. അടുത്തിടെയാണ് സെക്രട്ടറിയേറ്റിലെ ഓഫീസും കോൺഫറൻസും മോടിപിടിപ്പിക്കുന്നതിനായി കോടികൾ ചെലവാക്കിയത്. 2.11 കോടി രൂപ നവീകരണത്തിന്റെ പേരിൽ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും ചേബറും .നവീകരിക്കാൻ 60.46 ലക്ഷം രൂപ, ഇന്റീരിയർ ജോലികൾക്ക് 12.18 ലക്ഷം ഫർണിച്ചറിന് 17.42 ലക്ഷവും അനുവദിച്ചു.
മുഖ്യമന്ത്രിയുടെ നെയിം ബോർഡ്, എബ്ലം, ഫ്ളാഗ് പോൾസ് എന്നിവ തയ്യാറാക്കുന്നതിന് 1.56 ലക്ഷം രൂപയാണ് ചെലവ്. ശുചിമുറിയ്‌ക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനിലുള്ള ഫ്ളഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും. സോഫാ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കൽ ജോലി- 4.70 ലക്ഷം, എസി- 11.55 ലക്ഷം, അഗ്‌നിശമന സംവിധാനം- 1.26 ലക്ഷം എന്നിങ്ങനെയാണ് ആകെ 60.46 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
Comments