കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ വ്യാജ രേഖയുണ്ടാക്കി ലൈസൻസ് നേടാൻ ശ്രമിച്ചതിന് പിന്നാലെ കൃത്രിമരേഖയുണ്ടാക്കി സർട്ടിഫിക്കറ്റ് തിരുത്താനും ശ്രമം. ജീവനക്കാർക്ക് നൽകാനെന്ന പേരിൽ ഇടനിലക്കാരൻ 10,000 രൂപ കൈക്കൂലി വാങ്ങിയതായും പരാതി. ഒരു മാസം മുൻപാണ് കോഴിക്കോട് സ്വദേശിനി ജനന സർട്ടിഫിക്കറ്റ് തിരുത്തുന്നതിനായി കോർപ്പറേഷനിൽ അപേക്ഷ നൽകിയത്. തുടർന്ന് കോർപ്പറേഷനിൽ നിന്നും ഇത് തിരുത്തി വാങ്ങി. സ്‌കൂൾ രേഖയുടെ അടിസ്ഥാനത്തിലാണ് തിരുത്തി നൽകിയത്.
രണ്ടാമതും തിരുത്തണമെന്ന ആവശ്യവുമായി ഇവർ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനൊപ്പം വച്ചിരുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് ആദ്യത്തേതിൽ നിന്ന് വ്യത്യാസമുള്ളതായിരുന്നു. വിശദ പരിശോധനയ്‌ക്കൊടുവിൽ ഇത് വ്യാജമായി തയാറാക്കിയതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകണമെന്ന് കോർപ്പറേഷൻ സെക്രട്ടറി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതിന് ശേഷമാണ് ഇടനിലക്കാരൻ 10,000 രൂപ വാങ്ങിയെന്ന പരാതിയുമായി അപേക്ഷക കോർപ്പറേഷനിൽ പരാതി നൽകിയത്. സർട്ടിഫിക്കറ്റ് തിരുത്തുന്നതിന് ജീവനക്കാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന പണം വേണമെന്ന് സന്തോഷ് എന്ന വ്യക്തി ആവശ്യപ്പെട്ടു. ഇതിനായി തന്റെ കയ്യിൽ നിന്ന് 10,000 രൂപ വാങ്ങുകയും ചെയ്‌തെന്നാണ് പരാതിയിൽ യുവതി ആരോപിച്ചിരിക്കുന്നത്.
Comments